Pages

Friday, April 11, 2014

ഇര

ഓരോ വേട്ടക്കാരനും ഇരയുടെ സ്വന്തമാണ്


നിരായുധനായ വേട്ടക്കാരനാണെങ്കിലും

എത്ര വേഗത്തില്‍ ഓടുന്ന മൃഗമാണെങ്ങിലും

അതു അങ്ങിനെ തന്നെയാണ്

ഒരു ചെറിയ കല്ലുകൊണ്ട്

എറിഞ്ഞെന്നു വരുത്തി വേട്ടക്കാരനും

ഏറുകൊണ്ട് മോഹാലസ്യപെട്ടെന്ന പോലെ

നിലത്തു വീണു കൊണ്ട് ഇരയും

അവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കുന്നു

ഓരോ ഇരയ്ക്ക് പിറകിലും ചങ്കുതുളയ്ക്കുന്ന

മൂച്ചയുള്ള ഓരോ ചൂണ്ടയുണ്ടെന്നറിയാതെ

വേട്ടക്കാരന്‍ സ്വയം ഇരയാകുന്നു

ഇരയെ കെണിയില്‍ പിടിച്ച സന്തോഷത്തില്‍

പഴയ ഇര ഇപ്പോള്‍ വേട്ടക്കാരനുമാകുന്നു

ഓരോ ഇരയും വേട്ടക്കാരന്റെ സ്വന്തമാണ്

ഓരോ വേട്ടക്കാരനും ഇരയുടെയും













Saturday, March 22, 2014


പിതൃ വിലാപം (പലസ്തീനില്‍ നിന്ന് )




“ഹേ ലോകമേ ലോകസൃഷ്ടാക്കളെ

കരുണയില്ലാത്ത “കരുണാമയന്‍മാരെ

തീമഴ പെയ്തു തോര്‍ന്നിട്ടില്ലിതുവരെ

അലയടിക്കുന്നു ആര്‍ത്തനാദങ്ങള്‍

അറിയില്ല ഈ കുഞ്ഞുങ്ങള്‍ക്ക് ,,

മരണമെന്തെന്ന്,,എന്തിനായിരുന്നെന്നും

കത്തിയെരിഞ്ഞ കുടിലുകള്‍ക്കുള്ളില്‍

ഇനിയും ചുരത്തുന്ന ,വിങ്ങുന്ന മാറുകള്‍

ഈഭൂമി ഇപ്പോള്‍ ചുടലക്കാട്

എങ്ങും മരണദൂതന്റെ ചിറകടിയൊച്ചകള്‍

ഹേ ക്രൂരപിശാചിന്റെ മക്കളെ...

ഞങ്ങള്‍ ചെയ്ത തെറ്റെന്ത്?

സ്വന്തം ഭൂമിയില്‍ ജനിച്ചുവളര്‍ന്നതോ?

അഭയമില്ലാതെ അലയുന്ന കാലത്ത്

മണ്ണ് നല്‍കി നിങ്ങളെ കാത്തതോ?

വേലികെട്ടി തിരിച്ചപ്പോള്‍ പോലും

സ്നേഹമന്ത്രങ്ങള്‍ ചൊല്ലി നടന്നതോ?

ഞാന്‍ വളര്‍ന്ന ഈ പുണ്യഭൂവില്‍

എന്റെ കുഞ്ഞുമക്കള്‍ വളരാന്‍ കൊതിച്ചതോ?

ഓര്‍ക്കുക നിങ്ങള്‍ അഹങ്കരിക്കുംമുന്‍പ്,,,

ഇനി ഒരു ഹിറ്റ്ലര്‍ വന്നുകൂടായ്കില്ല

ബാക്കി വെച്ച നിങ്ങളെ കൊല്ലുവാന്‍

അന്നുലോകം കൂടയുണ്ടാവില്ല

'ചെയ്തപാപത്തിന്റെ കൂലി'

കണ്ണുകെട്ടിയ ലോകനിയമങ്ങളെ,,,

ചെവി തുറക്കാത്ത ഭരണകൂടങ്ങളെ‘

സമാധാനത്തിന്റെ "കാവല്‍ഭടന്മാരെ"

നിങ്ങള്‍ പറയുക ഞങ്ങള്‍ ആരെന്ന്

കൂട്ടിലിട്ടു കൊന്നുകളയുവാന്‍

പന്നികളല്ല മനുഷ്യരല്ലേ ഞങ്ങള്‍,,,,,,,,"










ഭ്രാന്തന്‍



സ്വപ്നം



ഭൂമിയുടെ ഉണങ്ങുന്ന “മുറിവുകള്‍”
വീണ്ടും തളിര്‍ക്കുന്ന കാടുകള്‍
 ശുദ്ധവായു,ജലം
“മനുഷ്യനായ” പെണ്ണ്
 ആര്‍ത്തിയില്ലാത്ത ജനത
വിശപ്പില്ലാത്ത മനുഷ്യന്‍
 യുദ്ധമില്ലാത്ത ലോകം ലോകം
“ഒരു പക്ഷികൂടാകുന്ന” നാള്‍

ഞാന്‍

തിരപോലെ ചിന്തകളുടെ അലയടി
ഇരുളില്‍ “ഇരകളുടെ” നിലവിളി
സ്നേഹമെന്ന കിട്ടാക്കനിയുടെ മധുരം
പുഴുക്കു ത്തേല്‍ക്കാത്ത രാഷ്ട്രചിന്ത
മതമില്ലാത്ത ദൈവ ചിന്ത
കൈക്കാത്ത കാഞ്ഞിരത്തിലെ ചങ്ങല
കുനിക്കാത്ത തല ,വളയ്ക്കാത്ത നട്ടെല്ല്
കറുപ്പില്ലാത്ത കൈ,കലര്‍പ്പില്ലാത്ത ചിരി

അമ്മയുടെ മുലപ്പാല്‍ ഒഴിച്ചകണ്ണ്,
വയമ്പ് തേച്ച സത്യത്തിന്റെ നാവ്

ഭ്രാന്തന്‍


ലോകത്തിന്‍ പോക്കോര്‍ത്ത് പൊട്ടിചിരിച്ച്ഭൂമിയുടെ തേങ്ങലില്‍ കണ്ണീര്‍ പൊഴിച്ച്കാക്കയ്ക്കും പൂച്ചയ്ക്കും

കയ്യിലെ പൊതിച്ചോര്‍ പകുത്ത്ആകാശം മേല്കൂരയാക്കിശാന്തിമന്ത്രം ചൊല്ലി തെറ്റ് ചെയ്യാതെ കല്ലെറിഞ്ഞ്ദൈത്യ സിംഹാസനത്തിന്റെ ജയിലില്‍ഞരമ്പ്‌ തളര്‍ത്തിയ മരുന്നിലും കുത്തിനിറച്ച ഇരുട്ടിലും എനിക്ക് കൂട്ട്പുണര്‍ന്നു ചുംബിക്കുന്ന ചങ്ങലയുംഭ്രാന്തില്ലാത്ത ഇരുമ്പ് കമ്പികളുംഭ്രാന്തന്‍ എന്ന പേരും

ഇനി ഞാന്‍ ഉറങ്ങട്ടെ


നിദ്ര ,,,

എകാന്തരാത്രികളില്‍

എന്നെ കൊതിപ്പിച്ചവള്‍

കുണുങ്ങി ചിരിച്ച്

അരികില്‍ അണയാതെ പോയവള്‍

വീര്പ്പു മുട്ടിച്ചവള്‍.....

കരയിപ്പിച്ചവള്‍.

ഓര്‍മയുടെ കല്ലുകള്‍ എറിഞ്ഞെന്നെ

മുറിവേല്‍പ്പിച്ചവള്‍

സ്വപ്നങ്ങള്‍ നിഷേധിച്ചവള്‍



പ്രിയേ ഇനി ചാരെ അണയുക

നിറമൗന ചഷകവുമായി,,,,,,,

എന്‍ പാന പാത്രത്തില്

നുരയുന്ന വീഞ്ഞിന്‍റെ

അവസാന തുള്ളിയായ്

നീ ചുണ്ടില്‍ പതിക്കുക



ഇനി നീ തളര്‍ത്തുക

വാക്കുമരിച്ചൊരു രസന

പാട്ട് മറന്നൊരു തൊണ്ട

ആട്ടം പടര്‍ത്തിയ കാലുകള്‍

തൂലിക പേറിയ കൈകള്‍

സിരയിലെ ഉന്‍മാദ കാമം



ഇനി നീ മറയ്ക്കുക

കവര്ന്നതിനന്‍ ബാക്കി കരള്‍

പൊഴിഞ്ഞതിന്‍ ബാക്കി സ്വപ്നം

കരഞ്ഞതിന് ബാക്കി കണ്ണീര്‍

കണ്ടതിന്‍ ബാക്കി കാഴ്ച്ച

ചെവികളില്‍ ഉയരുന്ന കരച്ചില്‍

ബോധമില്ലാത്ത ബോധം



ഇനി ഞാന്‍ ഉറങ്ങട്ടെ ,,,

നീ എനിക്ക് കവലിരിക്കുക

ഞാന്‍ ഉണരുമ്പോള്‍ വീണ്ടും

എന്നില് നിന് ലഹരി നിറയ്ക്കുക



എനിക്ക് ഒരിത്തിരി മദ്യം വേണം



എനിക്ക് ഒരിത്തിരി മദ്യം വേണം



കരളിലെ സാത്താന് കൊടുക്കാന്‍

ഇല്ലാത്ത വേദനമാറ്റാന്‍

ബോധം മറയ്ക്കാന്‍

നാവിന്റെ എല്ലുകളയാന്‍

വഴിയളന്നു നടക്കാന്‍

ചീത്ത വിളിക്കാന്‍

തുണി ഉരിയാന്‍

അമ്മയെ തല്ലാന്‍

അച്ഛനെ കൊല്ലാന്‍

ഭാര്യയെ തീവെയ്ക്കാന്‍

മകളുടെ മടികുത്തഴിക്കാന്‍

സ്വപ്നങ്ങള്‍ വെട്ടിനിരത്താന്‍

വീണുറങ്ങാന്‍

ഒടുവില്‍ ലഹരി പോയാല്‍

മുഖം പൊത്തി കരയാന്‍

എനിക്ക് ഒരിത്തിരി മദ്യം വേണം

 
മഴ



ആകാശം പൂക്കാന്‍ മറന്നൊരാ രാത്രിയില്‍

ഏകനായ് ഞാനിങ്ങു നില്‍ക്കെ

പ്രണയിനി നീ എന്റെ ചാരത്തുവന്നു

കാറ്റിന്റെ കൈകളാല്‍ എന്നെ പുണര്‍ന്നു

വിണ്ണിന്റെ കണ്ണിലെ പൊഴിയുന്ന മണിമുത്തായ്‌

നീ എന്റെ നെറ്റിയില്‍ ചന്ദനകുളിരായി

കണ്ണില്‍,കവിളില്‍ ,കരളിന്നകത്തും

ചുംബനത്തിന്റെ മധുരം പകര്‍ന്നു

കാതോരം ചേര്‍ന്ന് നിന്‍ കുറുമ്പുചൊല്ലി

നാണമാര്‍ന്നന്നെന്റെ പ്രണയമായി

കുണുങ്ങിചിരിച്ച്,പൊട്ടിച്ചിരിച്ച്

നീയെന്റെ ദേഹത്ത് പറ്റി കിടന്നു

പുഴയില്‍ ,മലയില്‍,നാട്ടിടവഴികളില്‍

ആരാരും കാണാതെ എന്നെ പുണര്‍ന്നു

എന്റെ കണ്ണീരിനെ നിന്നില്‍ നിറച്ച്

നീയെന്റെ ചുണ്ടിലെ പുഞ്ചിരിയായി

സിരകളില്‍ ,ബോധത്തില്‍ ,പിന്നെ എന്‍ കവിതയില്‍

ഒരിളം കുളിരായി നീ പെയ്തിറങ്ങി

ഒടുവില്‍ വിളികേട്ട് പേടിച്ച് പോകാന്‍ മടിച്ച

കൊച്ചു പെണ്‍കുട്ടിയുടെ പിടി വാശിയോടെ

കാല്‍തള കിലുക്കി ,കൈവള കിലുക്കി

ഇടംകണ്ണ് കൊണ്ട് നോട്ടമെറിഞ്ഞ്‌

നീ ഓടിമറഞ്ഞു മലകള്‍ക്കപ്പുറതേയ്ക്കു

.കാത്തിരിക്കുന്നു നിന്റെ ഈ കാമുകന്‍

നീ എന്നില്‍ പെയ്യുന്ന മറ്റൊരുരാവിനായ്











വീണ്ടും ,,,





പ്രിയ സഖി വീണ്ടുമീ ഏകാന്ത വീഥിയില്‍

ഓര്‍മതന്‍ പേമാരി പെയ്തു നിറയുമ്പോള്‍

ഒരു പുകചുരുളുകൊണ്ടെല്ലാം മറയ്ക്കുവാന്‍

കഴിയാതെ ഞാനിന്നുമേകാനായ് നില്കവേ





ഒരു പദനിസ്വനം കാതില്‍ പതിച്ചപ്പോള്‍

ഓര്‍ത്തതില്ല,, അത് നീ ആയിരുന്നുവോ ?

ഒരു ചിങ്ങകതിരായി, കണ്ണിനു കണിയായി

വീണ്ടും ഒരിക്കല്‍ നീ എന്‍ ചാരെ വന്നു



വാക്കുകള്‍ ഇല്ലാതെ നാവു വരണ്ടിട്ടോ

നനവ്‌ പടര്‍ന്നത് നിന്‍ കവിള്‍ ചോപ്പില്‍?

മിഴികൂമ്പി നീയേറ്റ എന്‍ ചുംബനങ്ങള്‍

തീകെട്ടു കനലായി നീറി പുകഞ്ഞിട്ടോ



ഏറെപണി പെട്ട് മുഖമുയര്‍ത്തുന്നു നീ

മഴപെയ്തു തോര്‍ന്നൊരാ ധനുമാസ സന്ധ്യപോല്‍

ഓര്‍ക്കാതിരിക്കുവാന്‍ ആകില്ലോരിക്കലും

പ്രണയത്തിന്‍ കുളിരുള്ള പ്രിയമാം ദിനങ്ങളെ



നല്‍കുവാന്‍ ഒന്നുമില്ലിന്നു നീ അണയുമ്പോള്‍

കരള്‍ പണ്ടേ ഞാന്‍ പകുത്തുതല്ലേ

എല്ലാം മറക്കുക ,എന്നെ മറക്കുക

നാളത്തെ ജീവിതം സന്തോഷമാകെട്ടെ



സിന്ദൂരരേഖയില്‍ നീ വരച്ചിട്ടതെന്‍

നഷ്ടപ്രണയത്തിന്റെ ചോരക്കറ

കാക്കുകെന്നും ,എന്നും എന്നെനും

മായാതിരിക്കട്ടെ ചുണ്ടിലെ പുഞ്ചിരി



പ്രിയ സഖി നീ ഇന്ന് തിരികെ നടക്കുമ്പോള്‍

തിരിഞ്ഞുനോക്കതെന്നെ ,എന്‍ മിഴിയിണകളെ

നിറയുകയാണവ ,,നീ പോലും അറിയാതെ

പ്രണയിച്ചിരുന്നു ഞാന്‍ അത്രമേല്‍ നിന്നെ







കാരണം



മറക്കാന്‍ കഴിയാത്തതിനാല്‍

നിന്നെ വെറുക്കാന്‍ ഞാനും

എന്നെ വെറുക്കാന്‍ നീയും

കാരണം തിരയുകയായിരുന്നു

പരസ്പരം കണ്ണുകെട്ടി

ഹൃദയത്തില്‍ കുത്തി,,

മുഖത്ത് തുപ്പി,,,,

പിന്തിരിഞ്ഞോടി,,,

എല്ലാറ്റിനും ഒടുവില്‍

അതെ കാരണം ബാക്കിയായി

നമ്മള്‍ ഒരു പാട് സ്നേഹിച്ചിരുന്നു

ഭക്ത മീരയ്ക്ക്



മീരേ,,പ്രിയസഖി ,,,ഓര്ക്കു്ന്നുവോ എന്നെ ?
അഗ്നിസാക്ഷിയായ് നിന്‍ കയ്യേറ്റവന്‍ ഞാന്‍
മധുരസ്വപ്നത്തിന്‍ മഴ വില്ലുരുക്കി
ആലിലത്താതാലി നിന്‍ കണ്ഠത്തില്‍ അണിയിച്ചവന്‍
കാര്‍വര്‍ണനല്ല ഞാന്‍ കാര്‍കുഴലുമില്ല
ചുണ്ടില്‍ പാലാഴി തീര്‍ക്കാന്‍ പൊന്മുളംതണ്ടുമില്ല
എങ്കിലും പ്രിയ സഖി നിനക്കായ് ഞാന്‍ കാത്തു വെച്ചു
ഒരു നാളും തൂവാതെന്‍ പ്രണയത്തിന്‍ നറുവെണ്ണ
നിഴല്‍ വീണുവിളറി വെളുത്ത പാല്‍രാവില്‍
യമുനതന്‍ ഓളം പോലും നിദ്രയില്‍ അമരുമ്പോള്‍
നീവരും നേരം കാത്ത് അറിയാതെ മയങ്ങിപോയി
ഇനിയും വിടരാത്ത മുല്ലമൊട്ടുകളും ഞാനും

കനകാംബരപ്പൂ മാല കൃഷ്ണനെ അണിയിച്ച് ,
പൂജിച്ച് ,നിവേദിച്ച്,കൃഷ്ണഭക്തിയില്‍ വീണ്
മതി മറന്നുറങ്ങുവാന്‍ മാത്രമായിരുന്നെങ്ങില്‍ പിന്നെ
എന്തിനെന്‍ സ്വപ്നം കോര്ത്ത് വരണമാല്യമേറ്റി?

തോഴിമാര്‍ ഏറെയുണ്ടീയന്തപുരത്തിങ്കല്‍ പക്ഷെ
നിന്‍ മിഴി കടാക്ഷ്ത്തിനേറെ ഞാന്‍ ദാഹിച്ചു
ഒരു വാക്കുമിണ്ടുവാന്‍,വിരലാല്‍ തലോടുവാന്‍
നെറുകയില്‍ പ്രണയത്തിന്റെ സൂര്യകുങ്കുമം ചാര്ത്താന്‍
വിധിതന്‍ കള്ളചൂതില്‍ ഞാന്‍ വീണുപോയപ്പോള്‍
ഒരു പിടി ചാരമായി ഞാന്‍ കത്തിയമരുമ്പോള്‍
അറിയാതെയെങ്കിലും സഖി പിടഞ്ഞുവോനിന്‍ മനം?
ഉതിര്ന്നുവോ നിന്കണ്ണില്നിന്നൊരു തുള്ളി കണ്ണുനീര്‍?
ലോകരെല്ലാം പാടി ,,നീ മഹാഭക്ത,,,
കൃഷ്ണകീര്ത്ത നം പാടി കൃഷ്ണനലില്‍ ലയിച്ചവള്‍
ഒരു ചോദ്യമിപ്പോളും ഞാന്‍ ഹൃദയത്തില്‍ സൂക്ഷിപ്പൂ
അറിഞ്ഞിരുന്നുവോ നീ എന്‍ നെഞ്ചിലെ സ്നേഹം ?



ഞാനും ബ്രൂട്ടസും ,,,



കൂട്ടുകാരാ ,,,,

ഉറങ്ങാത്ത രാത്രിയില്‍

അറിയാതെ അടയുന്ന കണ്ണില്‍

ഭയപെടുത്തുന്ന സീസരിന്റെ സ്വപ്നമുണ്ട്

പിന്‍ കഴുത്തില്‍ ആഴത്തിലിറങ്ങുന്ന കത്തി

ചോരകൊണ്ട് ഗുരുതിതര്പ്പവണം

തലയില്ലാത്ത എന്റെ ജഡം

വ്യക്തമല്ലാത്ത നിന്റെ മുഖം



കൂട്ടുകാരാ ,,,,

നീ കൂടെ നടക്കുമ്പോള്‍

തോളില്‍ കൈ ചേര്ക്കുമ്പോള്‍

പിറകില്‍ ഒരു കട്ടാരി മുനയുണ്ടോ ?

നിന്റെ ചിരിയില്‍ ദ്രംഷ്ടകള്‍ ?



ഓരോ മുഖങ്ങള്‍ക്കിടയിലും ഞാന്‍

അവനെ തിരയുകയായിരുന്നു

ഒളിച്ചിരുന്ന തക്കം പാര്‍ക്കുന്നു

ആ ബ്രൂട്ടസിനെ

നിനക്ക് പിന്നില്‍ നടക്കുമ്പോള്‍

ഞാന്‍ എന്റെ കത്തി മറച്ചു പിടിച്ചു

നിന്റെ തല കുനിയുമ്പോള്‍ വെട്ടാന്‍

ഇപ്പോള്‍ എനിയ്ക്കും ബ്രൂട്ടസിന്റെ രൂപം
അതിരുകള്‍




ആകാശത്തിന്‌ അതിരുകളുണ്ടെന്ന്

അറിയാതെ പറന്നതിനാല്‍

ഹൃദയത്തില്‍ വെടിയുണ്ടയേറ്റ്

ഒരു ദേശാടനക്കിളി താഴേയ്ക്ക് പതിച്ചു



കാട് നാടായതും നാട് കാടയതും അറിയാതെ

ഇര തേടിയിറങ്ങിയ പുലി

കല്ലും വെടിയും കൊണ്ട് ...

ചത്തുമലച്ച് കിടന്നു



മാളത്തിനു മുകളില്‍ പതിച്ച യന്ത്രകയ്യില്‍

വരിഞ്ഞു ചുറ്റി കൊത്തി പ്രതികരിച്ച

പാവംസര്പ്പരാജാവിനെ അവ അവര്‍

പത്തലിനു തല്ലികൊന്നു



ഒഴുകുന്ന പുഴക്കിടയില്‍

കാണാത്ത അതിരുണ്ടെന്ന്

അധികാരം പറഞ്ഞ്

കോടതി കയറുന്നുണ്ട്

രണ്ടു ദേശക്കാര്‍



അതിരുപങ്കിടുന്ന പൊരുത്തക്കേടില്‍

തോക്കിലെ പൊടി തട്ടി

ഇപ്പോഴും കാത്തിരിക്കുന്നുണ്ട്

ഇരുളില്‍ ഒരു കൂട്ടര്‍



ഇനി ഞാനായെന്തിനുകുറയ്ക്കണം

വേലിയില്‍ ഒരു ബോര്ഡ് വെച്ചു

“അതിക്രമിച്ചു കിടക്കുന്നവര്‍ ശിക്ഷിക്കപ്പെടും”

വായിക്കാനറിയാത്ത കാറ്റും വെളിച്ചവും

എന്ത് ചെയ്യുമോ എന്തോ
ബിവറെജിലെ കാളകൂടം കുടിയ്ക്കുന്ന


ഭര്ത്താവിനെ കണ്ടു സഹിക്കാഞ്ഞാണ്

പാര്‍വതിഭക്തയായ അവള്‍

ഭര്‍ത്താവിന്റെ കഴുത്തില്‍ മുറുക്കിപിടിച്ചത്

കൂലിപ്പണിക്കാരന്‍ രാമന്‍ ശിവനല്ലാത്തകൊണ്ടും

ഭാര്യ വിലാസിനി പാര്വ‍തിയല്ലാത്ത കൊണ്ടും

ഇന്നലെ ആയിരുന്നു രാമന്റെ പുലകുളി അടിയന്തിരം

നിരാശകാമുകന്‍ 2013 (re post)




കണ്ണുകലങ്ങി മറഞ്ഞതറിഞ്ഞോ

കരളുകരിഞ്ഞു പൊടിഞ്ഞതറിഞ്ഞോ

നെഞ്ചില്‍ തീകാറ്റെറ്റതറിഞ്ഞോ

കാലില്‍ വേര് പടര്ന്നതറിഞ്ഞോ



കണ്ണില്‍ നോക്കി ഇരുന്നതുമല്ലേ

എന്നില്‍ പ്രണയം ഓതിയതല്ലേ

സ്വപ്നം കോരി നിറച്ചതുമല്ലേ

എന്നിട്ടപ്പോള്‍ സോദരനെന്നോ?



ശ്യാമള കോമള ഉദ്യാനങ്ങള്‍

നുകരാന്‍ നിറയെ ഐസ്ക്രീമുകളും

കണ്ണില്‍ കണ്ട കടകള്‍ നിരങ്ങി

എന്‍കാശെത്ര പൊടിച്ചടി ദുഷ്ടേ



ചാവാലിപശു പോലെയിരുന്നു

തിന്നു തടിച്ചു കൊഴുത്തതുമല്ലേ

എങ്കിലും എന്നോടീ ചതി ചെയ്തു

എന്നെ നീയും സോദരനാക്കി



കരയാനൊന്നും എനിക്കിനി വയ്യ

താടിവളര്‍ത്താന്‍ നേരവുമില്ല

കള്ളുകുടിക്കാന്‍ കാരണമല്ല

നീ പോയി പണിനോക്കെടി പെണ്ണെ



പണ്ടേ തോന്നി നീയൊരു കള്ളി

അന്നേ ഞാനൊരു ചൂണ്ട ഒരുക്കി

നിന്റെനുജത്തിക്കൊരു കത്ത് കൊടുത്തു

നീയില്ലേല്‍ അവളുന്ടെടി പെണ്ണെ



കണ്ണുകലങ്ങി മറിഞ്ഞതുമില്ല

കരളുകരിഞ്ഞു പൊടിഞ്ഞതുമില്ല

നെഞ്ചില്‍ തീകാറ്റ്ഏറ്റ്തുമില്ല

കാലില്‍ വേര് പടര്‍ന്നതുമില്ല
വാക്ക്




ഉടവാളെനിക്കെന്റെ വാക്ക്

നെഞ്ചില്‍ ആരോ തറച്ചിട്ട വാക്ക്

നേരുള്ള വാക്ക്

നെറിയുള്ള വാക്ക്

ഹൃദയത്തില്‍ ഒഴുകുന്ന

തെളിനീര് വാക്ക്

പ്രണയത്തിന്‍ വാക്ക്

വിരഹത്തിന്‍ വാക്ക്

അകതാരില്‍ അറിയാതെ

അലറുന്നവാക്ക്

നോവുള്ള വാക്ക്

നീറുന്ന വാക്ക്

തല്ലികെടുത്തിയൊരു

കനലിന്റെ വാക്ക്

രോഗത്തിന്‍ വാക്ക്

ദുരിത്തത്തിന്‍ വാക്ക്

തോരാത്ത കണ്ണീരില്‍

കൂട്ടായവാക്ക്

നിഴലുള്ള വാക്ക്

നിലാവുള്ളവാക്ക്

ആട്ടിയോടിച്ചൊരു

അടിമയുടെ വാക്ക്

കരയിച്ച വാക്ക്

ചിരിതന്ന വാക്ക്

ബോധകടിഞ്ഞാണ്

പൊട്ടിച്ച വാക്ക്

മോഹത്തിന്‍ വാക്ക്

സ്വപ്നത്തിന്‍ വാക്ക്

നഷ്ട മോഹങ്ങള്‍

പകര്ന്നി ട്ടവാക്ക്

കണ്ണിന്റെ വാക്ക്

കരളിന്റെ വാക്ക്

കരിയിട്ട ജീവിത

കോലത്തിന്‍ വാക്ക്

പുഴതന്ന വാക്ക്

മഴതന്ന വാക്ക്

അഴലിന്റെ ആഴിയിലെ

അവസാന വാക്ക്

ഒടുവിലെന്‍ നെഞ്ചില്‍

കയറ്റിവെച്ചീടുക

കല്ലില്‍ കുറിച്ചെന്റെ

അവസാന വാക്ക്

നിള

കത്തുന്ന വെയിലാണ് ചുറ്റിലും ,എരിയുന്ന


തീ പന്തമായിന്ന് സൂര്യനെന്‍ ഉച്ചിയില്‍

ഒരുകുഞ്ഞുനിഴലില്ല കൂട്ടിനെനിക്കിന്ന്

ഓര്‍മയില്‍ തിരയുന്നു ഒരു കൊച്ചു കുളിരിനായ്

നിളയാണനിക്കെന്റെ അമ്മ ,എന്നെന്നും

ഹൃദയത്തില്‍ നിറയുന്ന നന്മ

മഴ പെയ്തു ചുഴികുത്തി ഒഴുകുന്ന നേരത്തും

മകനെ മറക്കാത്ത ഭ്രാന്തിയെ പോലെന്റെ

കാലില്‍ തലോടി ,

കുശലം പറഞ്ഞ്

ആര്‍ത്തലച്ചോടുന്നൊരമ്മ,,

എരിയുന്ന വേനലിന്‍ വറുതിയില്‍ വീണ്ടുമെന്‍

ദാഹമകറ്റാന്‍ തെളിനീരുതന്നവള്‍

പോകുന്ന വഴികളില്‍ കതിരു നല്‍കികൊണ്ട-

രായിരം പണിയാന്റെ പുഞ്ചിരി കണ്ടവള്‍

മാമാങ്ക വേലകണ്ടലറി കരഞ്ഞവള്‍

നിണമാര്‍ന്ന മണലിനെ ഒഴുക്കികളഞ്ഞവള്‍

കേളികൊട്ടും കേട്ട് ഭാവയാമി പാടി

തീരത്തില്‍ ഓളമായ് താളം പിടിച്ചവള്‍

പൂര്‍വകാലത്തിന്റെ സ്മൃതികളില്‍ നീ

നരമൂത്ത്,ശോഷിച്ച് മൃത പ്രായയായി

ആയിരം മക്കള്‍ ബലിയിട്ട് പോയി

മോക്ഷവും നേടി ആയിരം ആത്മാക്കള്‍

കണ്ണുനീര്‍ ഉരുളയുരുട്ടി നിനക്കായി

ബലിയിടാന്‍ ഞാനിനി എങ്ങുപോകും ?
അഹം


ഓരോ കഥകളിലും

ഞാന്‍ എന്നെ തന്നെ എഴുതാറുണ്ട്

ആര്‍ക്കുമറിയാത്ത എന്നെ

അതുപോലെ വരച്ചുവെയ്ക്കാറുണ്ട്

നഗരത്തിലെ ഓടകളിലെ പോലെ

എന്റെ ചിന്തകളുടെ ദുര്‍ഗന്ധം

ഞാന്‍ മൂക്കുപൊത്തിയാണ്

എന്നെ നോക്കാറ്

എന്റെ കറപിടിച്ച പല്ലുകളും

തെറിനിറയുന്ന നാക്കും

കരിഞ്ഞ മുഖവും കാണാന്‍

ഒരിയ്ക്കലും ഞാന്‍ കണ്ണാടി നോക്കാറില്ല

എന്നിട്ടും എഡിറ്റിംഗ് ടാബിളില്‍ നിന്ന്

അവസാനത്തെ മിന്നുക്ക് പണിയും കഴിഞ്ഞ്

ആ കഥയെ വില്ക്കുമ്പോള്‍

എന്റെ വേഷത്തില്‍ ഞാനില്ലായിരുന്ന്നു

മനോഹരമായ മുഖംമൂടിയും

അത്തറിന്റെ മണമുള്ള ഉടുപ്പും ഇട്ട്

അയാള്‍ കഥയില്‍ നിന്നിറങ്ങി പോകുന്നുണ്ടായിരുന്നു

ഏതാണ് ശരിക്കുള്ള ഞാന്‍ ?

കുമ്പസാരം 


മകരസന്ധ്യ നിന്‍ കവിള്‍ തുടുപ്പിച്ച 

രുധിര സിന്ധൂരം വിരലാല്‍ തൊടുന്നു ഞാന്‍

തരളമധരത്തില്‍ നല്കാതെ പോയൊരാ 

പ്രണയ ചുംബനം ഇന്നേറ്റു വാങ്ങു നീ 

പ്രണയ സൌഗന്ധിക പൂക്കളോരുപാട്

പൂത്തിരുന്നു അന്നെന്റെ വാടിയില്‍

മധുര മദുവിന്റെ മത്തേറ്റുപാറവെ

കാണാതെ പോയി ഞാന്‍ നീ തന്ന സ്നേഹം

പച്ച മാവിന്റെ വിറകിന്റെ ചൂടില്‍
 
എന്‍ കരള്‍ പോലെ നീ കത്തിയമരും മുന്പ്

ഒന്നുമാത്രം ,ഇനി നിന്റെ നെറ്റിയില്‍ 

എന്റെ വിരലാല്‍ ഒരു നുള്ള് സിന്ദൂരം
-----------------------------------------------------

 ആത്മകഥ


ഇനി എനിക്കായി ഒരു പകലില്ലെങ്ങില്‍

എഴുതാന്‍ മറന്ന എന്റ വാക്കുകളെ

ഞാന്‍ എന്ത് ചെയ്യും ?

ഈ രാത്രിയുടെ മങ്ങിയ വെളിച്ചത്തില്‍

നിറം പിടിക്കാത്ത പേനകൊണ്ട്

ഈ ആശുപത്രി കിടക്കയില്‍

കാര്‍ന്നു തിന്നുന്ന വേദനയില്‍

പൊട്ടിയൊലിക്കുന്ന കയ്യുമായി

എനിക്കിനി എഴുതി തീര്‍ക്കുവാനകുമോ

നിറം പിടിപ്പിക്കാത്ത ഒരു കഥ

എന്റെ ആത്മകഥ 
-----------------------------------------

തെറ്റ്


ഹൃദയത്തിന്റെ ഭാഷ തര്‍ജമ ചെയ്തപ്പോളും

ചുണ്ടില്‍ നിന്ന് ഹൃദയത്തിലേക്കുള്ള ദൂരം

അളക്കാന്‍ ശ്രമിച്ചപ്പോളുമാണ് നമുക്ക്

തെറ്റുകള്‍ പറ്റിപോയത്

-----------------------------------


ഉറവ 


ഹൃദയത്തിന്റെ ആഴങ്ങളില്‍

പണ്ട് ഒരു വേനലില്‍ വറ്റിയ

പ്രണയത്തിന്റെ കുളിരുള്ള

ഒരു ഉറവയുണ്ടായിരുന്നു

ചോരുന്ന ക്ലാസ്സ്മുറിയില്‍

കണ്ണുകള്‍ പറഞ്ഞ കഥയില്‍

നാം കണ്ട സ്വപ്‌നങ്ങള്‍

എനിക്ക് തന്ന ഒരു കുളിരുറവ

ചുട്ടുപൊള്ളുന്ന വേനലില്‍

മനം കുളിര്‍ത്ത മന്സൂണില്‍

വസന്തത്തിന്റെ ആഘോഷങ്ങളില്‍

നാം നീന്തിതുടിച്ചത് അതിലായിരുന്നു

ഒടുവില്‍ ഒരു കണ്ണ് നീര്‍ത്തുള്ളി

പകരം നല്‍കി നീ നടന്നകന്നപ്പോള്‍

വീണുടഞ്ഞ പ്രണയത്തിന്റെ

പൊട്ടിയ സ്പടിക ചീളുകളും

വിണ്ടു കീറിയ മനസ്സിലെ

കട്ടപിടിച്ച ചോരത്തുള്ളികളും

കൊണ്ടാണ് അത് അടച്ചു കളഞ്ഞത്  

ഇന്ന് നീ തുറന്നത് അതെ ഉറവയാണ്

ഒരു തുള്ളിയായ് ,പലതുള്ളിയായ്

ഹൃദയത്തില്‍ ഒഴുകി പരക്കുന്നത്

അതെ ഉറവയാണ്

എന്നില്‍ നിന്ന് നിന്നിലേക്കുള്ള

പ്രണയത്തിന്റെ വറ്റാത്ത ഉറവ

----------------------------------------

അഹങ്കാരി

മണ്ണില്‍ മുളയ്ക്കാന്‍ കൊതിച്ച കടുകിനെ

എണ്ണയിലാരോ പെറുക്കിയിട്ടു

തീ മൂത്ത ദേഷ്യത്തില്‍ പൊട്ടിത്തെറിച്ചവനെ

അഹങ്കാരി എന്ന് വിളിച്ചുലോകം













 

Blogger news

Blogroll

About